സമീപകാല ദിലീപ് ചിത്രങ്ങളോടെല്ലാം ടൺകണക്കിന് പുച്ഛവും സഹതാപവും മാത്രമാണ് എനിക്ക് തോന്നിയിട്ടുള്ളത് . നിർബന്ധിത തമാശകൾക്ക് വേണ്ടി തള്ളികയറ്റിയ നിലവാരമില്ലാത്ത കോമഡി ജനപ്രിയനായകനെ അപ്രിയനാക്കികൊണ്ടിരുന്നു എന്നത് ഒരു നഗ്നസത്യമാണ് .
ഒരുപക്ഷെ ജയിലിൽ അല്ലായിരുന്നുവെങ്കിൽ അദ്ധേഹത്തിന്റെ ഒരു വമ്പൻ തിരിച്ചുവരവ് എന്ന് നിസംശയം പറയാവുന്ന ചിത്രം തന്നെയായിരുന്നു രാമലീല. സമീപകാലത്തൊന്നും ഒരു ദിലീപ് ചിത്രത്തിന് ലഭിക്കാത്ത വരവേൽപ്പോട് കൂടി രാമലീല തിയ്യറ്റർ നിറഞ്ഞോടുന്നുണ്ടെങ്കിൽ അതൊരിക്കലും ആ നടന്റെ ഇന്നത്തെ അവസ്ഥയുടെയോ ഒരു തരം സഹതാപതരംഗത്തിന്റെയോ പ്രതിഭലനമല്ല. മറിച്ച് കെട്ടിലും മട്ടിലും രാമനുണ്ണിഎന്ന കഥാപാത്രമായി രാമനുണ്ണിമാത്രമായി ദിലീപ് എന്ന വ്യക്തിയെ, അദ്ധേഹത്തിന്റെ മികവുറ്റ അഭിനയത്തെ, തെറ്റുകുറ്റങ്ങളില്ലാത്ത അടുക്കും ചിട്ടയുമുള്ള കരുത്തുറ്റ സംവിധാനമികവിനെ പ്രേക്ഷകന് ഈ ചിത്രത്തിലൂടെ കാണാൻ സാധിച്ചു എന്നതാണീ ചിത്രത്തിന്റെ വിജയം. സിനിമയെ സിനിമയായി കാണാൻ മലയാളി പ്രേക്ഷകന് കഴിഞ്ഞു എന്നതിന്റെ തെളിവാണ് നിറഞ്ഞ തിയറ്ററുകൾ. രാഷ്ട്രീയ നാടകങ്ങളുടെ നേർക്കാഴ്ചകളിലൂടെ കഥപറയുന്ന രാമലീല ഒരു പൊളിറ്റിക്കൽ ത്രില്ലറിന്റെ എല്ലാ ചേരുവകളോടും കൂടി അരുൺ ഗോപി നമുക്ക് വിളമ്പിയിരിക്കുകയാണ്. നല്ലൊന്നാന്തരം സദ്യ. എല്ലാ നടന്മാരുടെയും അഭിനയ മികവും അവരെ വേണ്ടരീതിയിൽ ഉപയോഗിക്കാനുള്ള അരുൺഗോപിയുടെ കഴിവിനെയും കണ്ടില്ലെന്നു നടിക്കാനാകില്ല വരും കാലങ്ങളിൽ ഒരുപിടി നല്ലചിത്രങ്ങൾ ഈ സംവിധായകനിൽനിന്നും പ്രതീഷിക്കുന്നതിൽ തെറ്റിയില്ല. രംഗങ്ങളുടെ തീവ്രത അതുപോലെതന്നെ പ്രേക്ഷകരിൽ എത്തിക്കാൻ പശ്ചാത്തല സഗീതത്തിന്റെ പങ്ക് രാമലീലയിൽ വളരെ വലുതാണ്. ചുരുക്കത്തിൽ രാമലീല എല്ലാം കൊണ്ടും നല്ലൊരു ചിത്രം.